കൊച്ചി: എല്‍പിജി ഉപഭോക്താവിന് ഇഷ്ടമുള്ള ഡീലറെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി. എല്‍പിജി സിലിണ്ടര്‍ വിതരണക്കാര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളുടെമേല്‍ നിയമപരമായ ഒരു അവകാശവുമില്ല.
തന്റെ പരിധിയിലുള്ള 800ഓളം ഉപഭോക്താക്കളെ അടുത്തുള്ള മറ്റൊരു ഐഒസിഎല്‍ ഡീലര്‍ സ്വന്തം ഏജന്‍സിയിലേക്കു മാറ്റിയെന്നാരോപിച്ച് തിരുവനന്തപുരം പോത്തന്‍കോട് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് വിതരണക്കാരന് നല്കിയ ഹര്‍ജിയിലാണു കോടതി നിരീക്ഷണം.
തന്റെ ബിസിനസ് അവകാശത്തിന്റെ ലംഘനമാണെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ടാണു ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്. വിതരണക്കാരന്റെ ടെറിട്ടറി എന്നതു കമ്പനി സൗകര്യത്തിനുവേണ്ടി തിരിച്ചതാണ്. ജനങ്ങള്‍ ഡീലറുടെ സ്വകാര്യസ്വത്തല്ല. ഡീലറെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ ഉപഭോക്താവിനുമുണ്ടെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
എല്‍പിജി കണ്ട്രോള് ഓര്‍ഡര്‍ 2000 പ്രകാരം ഉപഭോക്താവിന് ഏതു വിതരണക്കാരനില്‍ നിന്നും സിലിണ്ടര്‍ വാങ്ങാം. ഒരു പ്രദേശത്ത് ഒരു ഡീലര്‍ക്കു മാത്രം ബിസിനസ് ചെയ്യാന്‍ കുത്തകാവകാശമില്ലെന്നു ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി.
ഡീലറില്‍ നിന്നും മോശം സേവനമാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഏജന്‍സി മാറാമെന്നും കോടതി വ്യക്തമാക്കി.